ടെക്സസ്: മസാജ് സെന്ററിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കുറ്റത്തിന് ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിനിയായ 47 വയസുകാരി ഫുജുൻ സുവിനെ കോടതി 25 വർഷം തടവിന് ശിക്ഷിച്ചു.
2023 മുതൽ ബെഡ്ഫോർഡ് പോലീസ് ഫുജുൻ സുവിന്റെ മസാജ് പാർലറുകൾ നിരീക്ഷിച്ചുവരികയായിരുന്നു. 2023നും 2024നുമിടയിൽ ഇവരുടെ മൂന്ന് സ്ഥാപനങ്ങൾ പോലീസ് പൂട്ടിച്ചു.
ജോലിക്കായി എത്തിയ യുവതിയുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും പിടിച്ചുവച്ച് അവരെ ലൈംഗികത്തൊഴിലിന് നിർബന്ധിച്ചതായി പോലീസ് കണ്ടെത്തി. രാത്രികാലങ്ങളിൽ യുവതികളെ സ്ഥാപനത്തിനുള്ളിൽ പൂട്ടിയിടാറുണ്ടായിരുന്നുവെന്നും ഇരകൾ വെളിപ്പെടുത്തി.
ടാരന്റ് കൗണ്ടി ജൂറിയാണ് പ്രതിക്ക് 25 വർഷത്തെ തടവുശിക്ഷ വിധിച്ചത്. മസാജ് തെറാപ്പി എന്ന വ്യാജേന നടന്ന വലിയൊരു മനുഷ്യക്കടത്ത് ശൃംഖലയ്ക്കാണ് ഇതോടെ അറുതിയായത്.